സ്കൈപ് ഇനിയില്ല: മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ്
യു എസ് എ: ഒരു തലമുറയ്ക്ക് വീഡിയോ കോളിങ്ങിന്റെ വിശ്വസ്ത അനുഭവം സമ്മാനിച്ച ഇന്റർനെറ്റ് കോളിംഗ് ആപ്പായ സ്കൈപ് ഇനിയില്ല.
മെയ് അഞ്ചിന് സ്കൈപ് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. അന്താരാഷ്ട്ര കോളിംഗ്, സ്കൈപ് നമ്പറുകൾ, വോയ്‌സ്‌മെയില്‍ തുടങ്ങിയ പണമടച്ചുള്ള സവിശേഷതകള്‍ എല്ലാം തന്നെ ഈ വർഷം ആദ്യം മുതല്‍ സ്കൈപ് നിർത്തലാക്കിയിരുന്നു.
ഉപയോക്താക്കളില്‍ ഭൂരിഭാഗവും പുതുതലമുറ ആപ്പുകളിലേക്ക് മാറിയതോടെയാണ് സ്കൈപ് അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ടീം മീറ്റിംഗുകള്‍ക്കും കോളുകള്‍ക്കും മറ്റൊരു പ്ലാറ്റ്ഫോം മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ പുതിയതും കൂടുതല്‍ ശക്തവുമായ ആശയവിനിമയ മാർഗമായ 'മൈക്രോസോഫ്റ്റ് ടീംസ്' ആണ് സ്കൈപിന് പകരക്കാരനായി എത്തുന്നത്.
ബിസിനസ് ആശയവിനിമയ ഓഫറുകള്‍ കാര്യക്ഷമമാക്കാനും പൂർണ്ണമായും ടീമുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിക്കുന്നതിനാലാണ് മൈക്രോസോഫ്റ്റ് സ്കൈപില്‍ നിന്നും മാറി 'മൈക്രോസോഫ്റ്റ് ടീംസ്' എന്ന പുതിയ മാധ്യമത്തിലേക്ക് എത്തിയിരിക്കുന്നത്. നിങ്ങളുടെ നിലവിലുള്ള സ്കൈപ് ഐഡി ഉപയോഗിച്ചുതന്നെ ടീംസിലും പ്രവർത്തിക്കാൻ കഴിയും എന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ സ്കൈപില്‍ ഉള്ള ചാറ്റുകളും കോണ്‍ടാക്റ്റ് ലിസ്റ്റുകളും ടീംസിലേക്ക് എളുപ്പത്തില്‍ തന്നെ മൈഗ്രേറ്റ് ചെയ്യാൻ കഴിയും എന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.