'പ്രമുഖ നടനും ഭാര്യയും ലഹരി ഉപയോഗിക്കുന്നുവെന്ന് ഷൈന്‍ വെളിപ്പെടുത്തിയില്ലേ'; പ്രതികരിച്ച്‌ ബൈജു കൊട്ടാരക്കര

കൊച്ചി: മലയാള സിനിമയിലെ യുവ സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവര്‍ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതില്‍ പ്രതികരിച്ച്‌ സംവിധായകന്‍ ബൈജു കൊട്ടാരക്കര.

''സിനിമാ മേഖലയില്‍ എല്ലായിടത്തും ഇതുണ്ടെന്ന് എത്രയോ നാളുകളായി പറയുന്നതാണ്. ഷൈന്‍ ടോം ചാക്കോ തന്നെ ഇക്കാര്യം എക്സൈസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. പേരുകള്‍ അയാള്‍ തന്നെ പറഞ്ഞു. 

സിനിമാ കുടുംബത്തിലെ പ്രമുഖ നടനും അയാളുടെ ഭാര്യയും ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. അപ്പോള്‍ ഇതിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാണ്. ഷൈന്‍ ഇത് പറഞ്ഞപ്പോള്‍ തന്നെ ഷൈനിനെയും ശ്രീനാഥ് ഭാസിയെയും വെറുതെ വിടുന്ന ലൈനിലേക്ക് വന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേംബറുമൊക്കെ രണ്ടായി. ഖാലിദിനും അഷ്റഫിനും എതിരെ സിനിമാ സംഘടനകളില്‍ നിന്ന് ഒരു നടപടിയുമുണ്ടാകില്ല. ആശാന്‍ ക്ഷമിക്കും, ശിഷ്യന്മാര്‍ ഉപയോഗിച്ച്‌ കൊണ്ടിരിക്കും. സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് കുറേക്കാലമായി പറയുന്നു. 

അതിനെ ആദ്യം എതിര്‍ത്തത് ഫെഫ്ക തന്നെയാണ്. അതിനുശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എതിര്‍ത്തു. ഇപ്പോള്‍ പറയുന്നു സെറ്റുകളില്‍ പരിശോധിച്ചോട്ടെ എന്ന്. അന്ന് മുളയിലേ നുള്ളിയിരുന്നെങ്കില്‍ ഇത്രയും വ്യാപകമാകുമായിരുന്നോ?

സ്റ്റീം എഞ്ചിനില്‍ കയറുന്നതിലും കഷ്ടമാണ് ഓരോ ക്യാരവാനിലും എന്നാണ് പറയുന്നത്. അത്രത്തോളമാണ് മലയാള സിനിമയിലെ ലഹരി ഉപയോഗം. കുറേക്കാലം മുന്‍പ് കഞ്ചാവിനെവച്ചുവരെ സിനിമ വന്നു.

അന്ന് ആര്‍ക്കും ചോദ്യമുണ്ടായില്ല. ഇന്ന് എത്രയോ സംഘടനകളുടെ മറവില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ പത്തുപേരെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ പരിഹാരമുണ്ടാകും...''

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഷൈൻ ടോം ചാക്കോയ്ക്ക് വീണ്ടും ഒരു അവസരം കൂടി നല്‍കാൻ തീരുമാനിച്ച സിനിമ സംഘടനകളുടെ നടപടിയും പുതിയ സാഹചര്യത്തില്‍ കൂടുതല്‍ വിമർശന വിധേയമാവുകയാണ്. ഫലത്തില്‍ സിനിമാ മേഖലയെ ലഹരിയില്‍ നിന്ന് അകറ്റും എന്ന പ്രഖ്യാപനങ്ങള്‍ക്കപ്പുറം കാര്യമായൊന്നും ഒരു സിനിമാ സംഘടനയും ചെയ്യുന്നില്ലെന്ന് ആവർത്തിച്ച്‌ അടിവരയിടുകയാണ് യുവ സംവിധായകർ പ്രതികളായ പുതിയ കഞ്ചാവ് കേസും.

Vartha Malayalam News - local news, national news and international news.