ആഗോളതലത്തിൽ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കൂടി; വൈദികരും കന്യാസ്ത്രീകളും കുറഞ്ഞു

ലോകത്ത് കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കൂടിയപ്പോള്‍ ബിഷപ്പുമാരുടെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും എണ്ണം കുറഞ്ഞു.

വത്തിക്കാനുകീഴിലുള്ള ഫീദസ് ന്യൂസ് ഏജൻസിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഒക്ടോബര്‍ 22-ലെ ലോക മിഷൻ സണ്‍ഡേയുടെ ഭാഗമായാണ് ഇത് പ്രസിദ്ധീകരിച്ചത്. ഓരോവര്‍ഷവും റിപ്പോര്‍ട്ട് തയ്യാറാക്കാറുണ്ട്. 2020 ഡിസംബര്‍ 31 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കാലയളവാണ് കണക്കിലെടുത്തത്.

137.5 കോടി കത്തോലിക്കരാണുള്ളത്. മുൻവര്‍ഷത്തെക്കാള്‍ 1.62 കോടി കൂടുതല്‍. യൂറോപ്പ് ഒഴികെ എല്ലാ ഭൂഖണ്ഡത്തിലും വിശ്വാസികള്‍ കൂടി.

ബിഷപ്പുമാരുടെ എണ്ണം 23 കുറഞ്ഞ് 5340 ആയി. 2347 വൈദികര്‍ കുറഞ്ഞ് ആകെ 4,07,872 ആയി. യൂറോപ്പില്‍മാത്രം 3632 വൈദികര്‍ കുറഞ്ഞു. ആഫ്രിക്കയിലും ഏഷ്യയിലും യഥാക്രമം 1518-ഉം 719-ഉം വീതം കൂടി. 6,08,958 കന്യാസ്ത്രീകളാണുള്ളത്. 10,588 പേര്‍ കുറഞ്ഞിട്ടുണ്ട്. യൂറോപ്പില്‍മാത്രം കുറഞ്ഞത് 7804 പേര്‍.

വൈദികരുടെ എണ്ണം കുറഞ്ഞതിനാല്‍ വൈദിക-വിശ്വാസി അനുപാതത്തില്‍ വ്യത്യാസം വന്നു. ഒരു വൈദികന് 3373 വിശ്വാസി എന്നതാണ് പുതിയ സ്ഥിതി. നേരത്തേയുള്ളതിനെക്കാള്‍ 59 എണ്ണം കൂടുതലാണിത്. അതേസമയം, സ്ഥിരം ഡീക്കന്മാരുടെ എണ്ണം 49,176 ആയി ഉയര്‍ന്നു. മുൻകണക്ക് സൂചിപ്പിച്ചിട്ടില്ല.

ലോകത്ത് കത്തോലിക്കാ സഭയുടെ കീഴിലുള്ളത് 74,368 കിന്റര്‍ഗാര്‍ട്ടനാണ്. ഇതില്‍ 75.65 ലക്ഷം (മുക്കാല്‍കോടി) കുട്ടികളുണ്ട്. 1,00,939 പ്രൈമറി സ്കൂളുള്ളതില്‍ 3.47 കോടി കുട്ടികളുണ്ട്. 49,868 സെക്കൻഡറി സ്കൂളുകളിലായി 1.94 കോടി കുട്ടികളാണുള്ളത്. 24,83,406 ഹൈസ്കൂള്‍ കുട്ടികളും 39,25,325 കോളേജ് വിദ്യാര്‍ഥികളുമുണ്ട്.

5405 ആശുപത്രികളും 15,276 വയോജന കേന്ദ്രങ്ങളുമുണ്ട്. സഭയ്ക്കുകീഴില്‍ 9703 അനാഥാലയങ്ങളാണുള്ളത്. കൂടുതലും ഏഷ്യയിലാണ്,3230.

Vartha Malayalam News - local news, national news and international news.