ഒടുങ്ങാത്ത യുദ്ധം; ഗാസയില്‍ മരണം 8000 കവിഞ്ഞു, അവശ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞു

യുദ്ധം രൂക്ഷമായ ഗാസയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ 8000 ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം.

ഇസ്രയേലില്‍ 1400 ആളുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഹമാസിനെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിക്ക് സമീപം ഉഗ്ര സ്ഫോടനം നടന്നു. ആശുപത്രി ഒഴിപ്പിക്കണമെന്നാണ് ഇസ്രയേല്‍ ആവശ്യം. എന്നാല്‍ ഇത് അപ്രായോഗികമെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു. ലെബനാൻ അതിര്‍ത്തിയില്‍ ഹിസ്ബുളള കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

അവശ്യവസ്തുക്കളുമായി മൂന്ന് ഡസനോളം ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ചു. അവശ്യവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ഐക്യരാഷ്ട്ര സഭയുടെ സംഭരണശാലകള്‍ ജനം അതിക്രമിച്ചുകയറി സാധനങ്ങള്‍ എടുത്തുകൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. ഖാൻ യൂനിസ്, ദൈര്‍ അല്‍ ബല, ഗാസ സിറ്റി തുടങ്ങി നാലിടങ്ങളിലെ അവശ്യവസ്തു സൂക്ഷിപ്പുകേന്ദ്രങ്ങളില്‍ കടന്നുകയറിയ ആയിരങ്ങള്‍ വിതരണത്തിനായുളള ധാന്യപ്പൊടിയുള്‍പ്പെടെയുളളവ ചാക്കോടെ എടുത്തുകൊണ്ടുപോയെന്നാണ് റിപ്പോര്‍‌ട്ട്. 

അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്രസംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലുമായും അറബ് രാജ്യങ്ങളുമായും ചര്‍ച്ച നടത്തി.

Vartha Malayalam News - local news, national news and international news.