വത്തിക്കാൻ പ്രത്യേക സിനഡിന്റെ നയരേഖ പുറത്തു വരുമ്പോൾ - കത്തോലിക്കാ സഭയുടെ പാരമ്പര്യ നടപ്പുരീതികളെ വഴിമാറ്റി വിടാനുള്ള മാര്‍പാപ്പയുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക്

രണ്ടായിരം വര്‍ഷത്തെ നടപ്പ് രീതികളില്‍നിന്ന് സഭയെ വഴിമാറ്റി നടത്താനുള്ള ഫ്രാൻസീസ് മാര്‍പാപ്പയുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക്.

സഭാ നവീകരണം ലക്ഷ്യംവച്ച്‌ മാര്‍പാപ്പ വിളിച്ചുചേര്‍ത്ത പ്രത്യേക വത്തിക്കാൻ സിനഡ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി നയരേഖ പുറത്തുവരുമ്ബോള്‍ കാണുന്നത് മാറ്റങ്ങളുടെ നീണ്ട നിര.

44 പേജുകളുള്ള നയരേഖ സിനഡ് അംഗീകരിച്ചു. കരടില്‍ 1150 ലധികം ഭേദഗതികള്‍ വരുത്തിയാണ് 28 ന് വൈകുന്നേരം നയരേഖ അംഗീകരിച്ചത്. 344 പേര്‍ക്കായിരുന്നു വോട്ടവകാശം. എട്ട് വിഭാഗങ്ങളിലായി 25 വിഷയങ്ങള്‍ രേഖയില്‍ ഇടംപിടിച്ചു. ഓരോ ഖണ്ഡികയും വോട്ടിനിടണമെന്ന് തീവ്ര യാഥാസ്ഥിതികര്‍ ആവശ്യപ്പെട്ടു. വോട്ടിനിട്ടെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഓരോ ഖണ്ഡികയും അംഗീകരിക്കപ്പെട്ടു.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കത്തോലിക്ക സഭയില്‍ വനിതകള്‍ ഭാഗിക പൗരോഹിത്യത്തിലേക്ക് എന്നതാണ്. സഭയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന വനിതകളുടെ ഡീക്കൻ പദവി സിനഡ് അംഗീകരിച്ചു. എന്നാല്‍ എങ്ങനെ നടപ്പാക്കണമെന്ന് പ്രാദേശിക സഭകള്‍ സിനഡ് ചേര്‍ന്ന് തീരുമാനമെടുക്കും.

ഒരു ഘട്ടത്തില്‍ വനിതകളുടെ ഡീക്കൻ പദവിയെന്ന നിര്‍ദേശം പരാജയപ്പെടുമെന്ന സംശയമുയര്‍ന്നു. തുടര്‍ന്ന് അസാധാരണ നടപടിക്രമത്തിലൂടെ പോപ്പ് ഫ്രാൻസിസ് വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചു.

എന്നാല്‍ സിനഡിന്റെ ഒന്നാം സമാപന റിപ്പോര്‍ട്ടില്‍ ഒരിടത്തും എല്‍ജിബിടിക്യു + എന്ന പദം കടന്നുവന്നിട്ടില്ല എന്നത് അമ്ബരപ്പുളവാക്കുന്നുണ്ട്. വര്‍ക്കിങ് ഡോക്യുമെന്റെറ്റല്‍ ഉയര്‍ന്ന ശ്രേണിയില്‍ ഉള്‍പ്പെടുത്തിയ വിഷയം 2024ലെ സിനഡിലേക്ക് മാറ്റി എന്നുറപ്പാണ്. എന്നാല്‍ സ്വവര്‍ഗാനുരാഗികള്‍, കൂടിതാമസക്കാര്‍, ഗര്‍ഭച്ഛിദ്രം നടത്തിയവര്‍ തുടങ്ങിയവര്‍ക്ക് കൂദാശ നിഷേധിക്കരുതെന്നും വൈദികരില്‍നിന്ന് ചൂഷണത്തിനിരയായവര്‍ക്ക് കൂടുതല്‍ ആശ്വാസം ലഭ്യമാക്കണെമെന്നും നയരേഖയിലുണ്ട്. കുമ്ബസാരം , പശ്ചാത്താപം എന്നിവയില്‍ കാഴ്ചപ്പാട് മാറ്റം വേണമെന്നും നയരേഖ പറയുന്നു

ബൈബിളിലെ ആദ്യ അഞ്ച് പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ സദാചാരം ദൈവശാസ്ത്രം എന്നിവ പരിഷ്കരിക്കണമെന്നത് അടക്കം കൂടുതൽ നടപടികൾ 2024ലെ സിനഡിൽ ഉണ്ടാകുമെന്ന് ഉറപ്പ്.

ഈ സിനഡ് നടപടികൾ തന്നെ കത്തോലിക്കസഭയുടെ ചരിത്രത്തിൽ ആദ്യത്തേതായിരുന്നു. നവീകരണ ശ്രമങ്ങളിൽ കഴിഞ്ഞ മൂന്ന് സിനഡിൽനിന്നേറ്റ പരാജയം വിലയിരുത്തി സിനഡിനെ നേരിട്ട് തന്റെ അധികാരത്തിൻ കീഴിലാക്കിയ പാപ്പ, വോട്ട് അവകാശം മെത്രാൻമാർക്കുപുറമെ വൈദികർക്കും കന്യാസ്ത്രീകൾക്കും അൽമായർക്കുമായി വീതിച്ച് നൽകി. ഇതിനുപുറമെ കർദ്ദിനാൾ സംഘത്തിന്റെ ഇടപെടലുകൾക്കുള്ള സമയം വെട്ടിക്കുറച്ചു. ഇതോടെ സിനഡ് ജനാധിപത്യ നിലവാരം പുലർത്തി.

എന്നാൽ വത്തിക്കാനിലെ കത്തോലിക്ക സഭയുടെ വിശ്വാസകാര്യങ്ങൾക്കുള്ള കർദ്ദിനാൾ സംഘത്തിന്റെ മുൻ തലവൻ കർദ്ദിനാൾ മുള്ളർ സിനഡിനെയും മാർപാപ്പയെയും വിമർശിച്ച് രംഗത്തെത്തി. നടപടികൾ കനോനികമല്ലന്നും നിയമപരമല്ലന്നും മാർപാപ്പയുടെ ഏകാധിപത്യമാണ് നടപ്പായതെന്നും മുള്ളർ തുറന്നടിച്ചു. വരും ദിവസങ്ങളിൽ കടുത്ത പൊട്ടിത്തെറി ഈ വിഷയത്തിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ ഈ വിജയത്തിൽനിന്ന് ഊർജം സ്വീകരിച്ച് പരിഷ്കരണങ്ങൾക്ക് വേഗം കൂട്ടാനാകും പോപ്പ് ഫ്രാൻസിസിന്റെ ശ്രമം

Vartha Malayalam News - local news, national news and international news.