ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കാൻ ലക്ഷ്യമിട്ട് നാസ വിക്ഷേപിച്ച ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സുരക്ഷിതമായി ഇറങ്ങി.തിങ്കളാഴ്ച പുലർച്ചെയാണ് പേടകം നിലയത്തില്‍ എത്തിയത്.
ഫ്ലോറിഡയിലെ കേപ് കാനവെറല്‍ സ്‌പേസ് സ്റ്റേഷനില്‍നിന്ന് ഇന്നലെയാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലേറി സ്‌പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം രണ്ട് ബഹിരാകാശ യാത്രികരുമായി കുതിച്ചുയർന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പേടകം നിലയത്തില്‍ സുരക്ഷിതമായി ഡോക് ചെയ്തു. ക്രൂ 9 അംഗങ്ങളായ നാസയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്‌സാണ്ടർ ഗോർബുനോവ് എന്നീ ശാസ്ത്രജ്ഞരാണ് പേടകത്തിലുണ്ടായിരുന്നത്. ഇവർ പുലർച്ചെ അഞ്ച് മണിയോടെ പേടകത്തില്‍ നിന്ന് നിലയത്തില്‍ ഇറങ്ങിയതായി നാസ എക്സില്‍ അറിയിച്ചു.അഞ്ച് മാസം നീളുന്ന ദൗത്യത്തിന് ശേഷം അടുത്ത ഫെബ്രുവരിയിലാകും സുനിത വില്യംസണിനെയും ബുച്ച് വില്‍മോറിനെയും കൂട്ടി ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് മടങ്ങുക. ഇരുവർക്കും സഞ്ചരിക്കാൻ രണ്ട് സീറ്റുകള്‍ പേടകത്തില്‍ ഒഴിച്ചിട്ടിട്ടുണ്ട്.
ജൂണ്‍ അഞ്ചിന് എട്ടുദിവസത്തെ പര്യടനത്തിനായി ബോയിങ് സ്റ്റാർലൈനർ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ സുനിതയും വില്‍മോറും പേടകത്തിന്റെ തകരാറിനെ തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഇവരില്ലാതെ സ്റ്റാർലൈനർ പേടകം ഈ മാസം ഏഴിന് ഭൂമിയില്‍ തിരിച്ചിറക്കിയിരുന്നു.