വർദ്ധിച്ചു വരുന്ന ഓൺലൈൻ പണമിടപാടിലെ തട്ടിപ്പുകൾ നിയന്ത്രിക്കാൻ ഇടപാടുകളുടെ സമയം ദീർഘിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി രണ്ട് വ്യക്തികൾ തമ്മിൽ ആദ്യമായി രണ്ടായിരം രൂപയ്‌ക്ക് മുകളിൽ നടത്തുന്ന ഇടപാട് പൂർത്തീകരിക്കാൻ 4 മണിക്കൂർ ഇടവേള കൊണ്ടു വരാനാണ് നീക്കം. പണം അയച്ച് 4 മണിക്കൂറിന് ശേഷമേ രണ്ടാമത്തെ വ്യക്തിക്ക് ഇത് ലഭിക്കുക. ഒന്നിലധികം തവണ പണമിടപാടുകൾ നടത്തിയ വ്യക്തികളുമായി ഇടപാടുകൾ നടത്തുമ്പോൾ ഈ പ്രശ്‌നം നേരിടില്ല. ആദ്യമായി ഒരു വ്യക്തിയ്‌ക്ക് പണം അയക്കുകയോ അവരിൽ നിന്നും പണം സ്വീകരിക്കുകയോ ചെയ്യുമ്പോഴാണ് ഈ ഇടവേള ബാധകമാവുക. യുപിഐയ്‌ക്ക് പുറമെ റിയൽടൈം ഗ്രോസ് സെറ്റിൽഡ്‌മെന്റ്, ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് തുടങ്ങിയവയിലും ഇത് നടപ്പിലാക്കാനാണ് തീരുമാനം. ആദ്യമായി ഒരാൾക്ക് പണം അയക്കുമ്പോൾ ഇത് പിൻവലിക്കണമെന്നുണ്ടെങ്കിൽ അതിനായുള്ള സമയവും പണം അയച്ച വ്യക്തിക്ക് ലഭിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.
നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻഫറിന്റെ ( NEFT) മാത്യകയിലാണ് ഈ ഇടപാട് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യമായി പണമയക്കുന്ന വ്യക്തിക്ക് 50,000 രൂപ വരെ അയക്കാൻ കഴിയുമെങ്കിലും 24 മണിക്കൂറിനുള്ളിലായിരിക്കും ഇത് സ്വീകരിക്കുന്ന വ്യക്തിക്ക് ലഭിക്കുക. ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതിനായി കേന്ദ്ര സർക്കാർ ബന്ധപ്പെട്ട ഉന്നതരുമായി യോഗം സംഘടിപ്പിക്കും. റിസർ ബാങ്ക്, മറ്റു സ്വകാര്യ ബാങ്കുകൾ, ഗൂഗിൾ പോലുള്ള ടെക് കമ്പനികൾ, ട്രായ് തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.